Saturday, September 28, 2013

ഓര്‍മകളില്‍ ഒരു വാല്‍പ്പാറ യാത്ര

ഓര്‍മകളില്‍ ഒരു വാല്‍പ്പാറ യാത്ര 
------------------------------------------------------------------------------

ഒരു പ്രവാസി ആയതിനു ശേഷം കിട്ടിയ എല്ലാ വെക്കേഷനുകളിലും ഒരു യാത്ര പതിവുള്ളതാണ്. ഇപ്രാവശ്യം തെരെഞ്ഞടുത്തത് തമിഴ്നാട് ജില്ലയിലെ വാല്‍പ്പാറ എന്ന സ്ഥലത്തേക്കാണ്‌., നാട്ടിലായിരുന്നപ്പോള്‍ ജോലി ചെയ്തിരുന്ന കോളേജിലെ സഹപ്രവര്‍ത്തകരോടോപ്പമാണ് യാത്ര. പുലര്‍ച്ചെ പൊള്ളാച്ചിയില്‍ നിന്നും ചുരം കയറേണ്ടതിനാല്‍ തലേ ദിവസം രാത്രി തന്നെ യാത്ര തിരിച്ചു. പാലക്കാട്‌ ഒപ്പമുള്ള സുഹൃത്തിന്റെ ബന്ധുവീട്ടില്‍ താമസസൗകര്യം ഒരുക്കിയിരുന്നു. ഏപ്രില്‍ മാസത്തെ കഠിന ചൂട് ഏറ്റവും കൂടുതല്‍ അനുഭവിച്ച ഒരു രാത്രി ആയിരുന്നു അത്. പുലര്‍ച്ചെ നാല് മണിയായപ്പോള്‍ എല്ലാവരും കുളിച്ചു റെഡിയായി യാത്ര പുറപ്പെട്ടു. പൊള്ളാച്ചിയില്‍ നിന്നാണ് വാല്‍പ്പാറയിലേക്ക് പോകാനുള്ള ചുരം തുടങ്ങുന്നത്. ഇരു വശവും വാകമരങ്ങള്‍  പൂത്തുലഞ്ഞു നില്‍ക്കുന്നു. രാവിലെ ആയതു കൊണ്ടാവും റോഡ്‌ ഏറെക്കുറെ വിജനം. പുറത്തിറങ്ങി കുറെ ഫോട്ടോകള്‍ ക്യാമറയിലാക്കി.



 ചുരത്തിലേക്കുള്ള തുടക്കം ആയി. തമിഴിലും ഇംഗ്ലീഷിലുമായി എഴുതി വെച്ച കുറെ ബോര്‍ഡുകള്‍., വനം വകുപ്പിന്റെതായി കണ്ടു. അതില്‍ ചുരത്തില്‍ ഏകദേശം 40 ഓളം ഹെയര്‍പിന്‍ വളവുകള്‍ ഉള്ളതായി ഒരു ബോര്‍ഡില്‍ കണ്ടു.


 പിന്നെ മൃഗങ്ങളെ ശല്യം ചെയ്യരുതെന്ന മുന്നറിയിപ്പും. യാത്ര തുടര്‍ന്നു. യാത്രാ മദ്ധ്യേ കണ്ട ആളിയാര്‍ ഡാം കാണാനായി ഇറങ്ങി.


രാവിലെ എട്ടു മണി മുതലാണ് പ്രവേശനം ഒള്ളു. എങ്കിലും പത്തു മിനിട്ട് കാത്തിരുന്നു ഡാം ഉദ്യാനത്തില്‍ പ്രവേശിച്ചു. അവിടെ നിന്നും ഇറങ്ങി വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചു കൂടി പോയപ്പോള്‍ ഒരു വെള്ളച്ചാട്ടത്തിന്റെ ബോര്‍ഡ് കണ്ടു. മങ്കിഫാള്‍സ് എന്നാണ് അതിന്റെ പേര്. വിശപ്പ്‌ കൂടി കൂടി വരുന്നുണ്ടായിരുന്നു. പക്ഷെ ഇനി ഭക്ഷണം എവിടെ കിട്ടും എന്ന യാതൊരു അറിവുമില്ല. കുറെ കഴിഞ്ഞപ്പോള്‍ ഒരു ചെറിയ ചെക്ക്‌ പോസ്റ്റ്‌. എവിടെക്കാണ്‌ എന്ന് തിരക്കി ഫോറെസ്റ്റ് ഗാര്‍ഡ്.കാര്യം പറഞ്ഞപ്പോള്‍ പൊക്കോളാന്‍ പറഞ്ഞു. കുറച്ചു കൂടി ചെന്നപ്പോള്‍ ഒരു ചെറിയ കവല. ഒരു ചായക്കട ഉണ്ട്, പിന്നെ വേറെ രണ്ടു മൂന്നു ചെറിയ കടകളും. ചായക്കടക്കാരനെ കണ്ടപ്പോള്‍ തന്നെ മലയാളി ആണെന്ന് മനസ്സിലായി. അവിടെ നിന്നും ഭക്ഷണവും കഴിച്ചു യാത്ര തുടര്‍ന്നു. ഇനി അങ്ങോട്ട്‌ നിബിഡ വനത്തിലൂടെ ആണ് യാത്ര. പിന്നീടങ്ങോട്ട് ഇളം തണുപ്പ് നിറഞ്ഞ കാട്ടു പാതയിലൂടെ വാല്‍പ്പാറ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.


ഒന്ന് രണ്ടു മണിക്കൂര്‍ കൊണ്ട് വാല്‍പ്പാറ എത്തി. കാട്ടിനുള്ളിലെ പ്രദേശമായത് കൊണ്ട് ഒരു ചെറിയ കവലയാണ് മനസ്സില്‍ എന്നാല്‍ വാല്‍പ്പാര ടൌണ്‍ ഞങ്ങളെ അമ്പരപ്പിച്ചു. അവിടെ നിന്ന് ഭക്ഷണവും കഴിച്ചു യാത്ര തുടര്‍ന്നു. വാല്‍പാറയില്‍ കുറെ ടൂറിസ്റ്റ് സ്ഥലങ്ങള്‍ ഉള്ളതായി ചോദിച്ചറിഞ്ഞു. യാത്രാ ലക്ഷ്യം കാനനഭംഗി ആസ്വദിക്കുക എന്നതായതിനാല്‍ അവിടങ്ങളില്‍ ചെന്നില്ല. പിന്നെ ചില സ്ഥലങ്ങളിലേക്ക് മുന്‍‌കൂര്‍ അനുമതി വേണമെന്നും അറിഞ്ഞു. അത് വാല്‍പ്പാറ എത്തുന്നതിനു മുമ്പ് കാണുന്ന ചെറിയ ചെക്ക് പോസ്റ്റില്‍ ലഭ്യമത്രേ. ഇനി യാത്ര നേരെ അതിരപ്പിള്ളിയിലേക്കാണ്. കേരള ചെക്ക്‌പോസ്റ്റ്‌ എത്തി. അവിടെ വിശദമായ പരിശോധന. വണ്ടിക്കുള്ളിലെ എല്ലാ വസ്തുക്കളുടെയും വിവരങ്ങള്‍ ആവശ്യം. ഉടനെ ഏമാന്റെ ചോദ്യം. ഗ്ലാസ്‌ ഒക്കെ ഉണ്ടല്ലോ. ഞാന്‍ അദ്ദേഹത്തോട് വണ്ടി മുഴുവന്‍ പരിശോധിക്കാന്‍ പറഞ്ഞു. ( കുറെ ദിവസത്തിന് ശേഷം കലാഭവന്‍ മണി അടി കൂടിയ സംഭവം അറിഞ്ഞപ്പോള്‍ മണിയോടെ ആദരവ് തോന്നി ). അവിടെത്തെ പരിശോദന കഴിഞ്ഞു കേരള അതിര്‍ത്തിയിലെ വന മേഖലയിലേക്ക് കടന്നു. ഇപ്പോള്‍ സമയം ഉച്ചക്ക് 12.30. ഇനിയുള്ള യാത്ര വളരെ ദുഷ്കരം ആണെന്ന് മുമ്പേ അറിഞ്ഞിരുന്നു. ഘോരവനതിലൂടെയാണ് ഇനി യാത്ര ചെയ്യേണ്ടത്. എപ്പോള്‍ വേണമെങ്കിലും ആനക്കൂട്ടം മുമ്പില്‍ വന്നു പെടാം. കുറെ ചെന്നപ്പോള്‍ അപ്പര്‍ ഷോളയാര്‍ ഡാമിലെക്ക് വെള്ളം ചെന്നെത്തുന്ന ഒരു പുഴ കണ്ടു അവിടെ ഇറങ്ങി. അവിടെ ഇറങ്ങി കുറെ നല്ല ഫോട്ടോകള്‍ എടുത്തു നില്‍ക്കുമ്പോള്‍ ഒരുത്തന്‍റെ കമന്റ്റ്. ആനച്ചൂര് വരുന്നില്ലേ എന്ന്. കേട്ടപാതി കേള്‍ക്കാത്ത പാതി എല്ലാവരും വണ്ടിയില്‍ കയറി.  ഷോളയാര്‍ ഡാം കടന്നു വാഴച്ചാലില്‍ എത്തി. കുറെ നേരമ അവിടെ വിശ്രമം. പിന്നീട് അവിടെ നിന്നും അതിരപ്പിള്ളി വെള്ളച്ചാട്ടം. കുറെ പ്രാവശ്യം പോയത് കൊണ്ട് അവിടെ ഇറങ്ങണം എന്ന് തോന്നിയില്ല. എങ്കില്‍ കൂട്ടത്തില്‍ ഒരുവന്‍റെ നിര്‍ബന്ധ പ്രകാരം അവിടെ ഇറങ്ങി. താഴെ ചെന്ന് തിരിച്ചു കയറുമ്പോള്‍ പ്രവാസ ജീവിതത്തില്‍ നഷ്‌ടമായ സ്റ്റാമിനയെ കുറിച്ച് ഞാന്‍ നന്നേ ബോധവാനായി.

ഏതായാലും വലിഞ്ഞു കേറി വന്നു യാത്ര തുടര്‍ന്നു. ഏകദേശം 10 മണിയോടെ കൂടി വീടണഞ്ഞു. വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഒരുത്തന്‍റെ ചോദ്യം. അടുത്ത വരവിനു മുമ്പ് പുതിയ ഏതെങ്കിലും റൂട്ട് കണ്ടു വെച്ചേക്കാം മാഷേ.......